2012, ജനുവരി 7, ശനിയാഴ്‌ച

ധനുമാസത്തിലെ തിരുവാതിര ..


ധനുമാസത്തിലെ തിരുവാതിരയെക്കുറിച്ചു ഇന്ന് ഒരു നോട്ട് എഴുതാന്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍  നിര്‍ബന്ധിച്ചു എന്ന് പറയുന്നതാവും ശരി  ധനുമാസത്തിലെ തിരുവാതിരയെക്കുറിച്ചു എന്റെ ആ പ്രിയപ്പെട്ട  ആള്‍ക്ക്  അത്ര അറിവൊന്നും ഇല്ല..എന്നാലും പ്രധാന ദിവസങ്ങള്‍ ഒക്കെ പറഞ്ഞു തരും..അഥവാ എന്നെ ഓര്‍മപ്പെടുത്തും .. ഒപ്പം പ്രോത്സാഹിപ്പിക്കും  അതും ഒരു സന്തോഷമല്ലേ..അപ്പോള്‍ പാവം പ്രവാസി തുടങ്ങാം '' ധനുമാസത്തിലെ തിരുവാതിര എന്നാല്‍ എന്തെന്നും അതിന്റെ പ്രത്യാകതകള്‍ എന്തെന്നും ..കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രംപരമശിവന്റെപിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. “ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ“ എന്ന് തിരുവാതിരപ്പാട്ടുണ്ട്. ഇംഗ്ലീഷ് മാസത്തിൽ ഡിസംബർ 15നും ജനുവരി 15നും ഇടയ്ക്കായിട്ടാ‍ണ് തിരുവാതിര വരുന്നത്.
മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ് എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.ഒപ്പം ചുരുക്കം ചില ആളുകളിലും ഒതുങ്ങി നില്‍ക്കുന്നു എന്ന് പറയുന്നതാവും ശരി..അല്ലെ..?
ധനുമാസത്തിലെ തിരുവാതിരയെ കുറിച്ച് ഒത്തിരി ഐതിഹ്യങ്ങള്‍ ഉണ്ട് 

...ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ്വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും ശിവൻ ആ വിഷം വിഴുങ്ങുകയും, ശിവനു അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചു എന്നതാണ് ഒരു കഥ. തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് അങ്ങനെ ആണത്രേ.

..മറ്റൊരു ഐതിഹ്യവും ഉണ്ട് അല്പം ദീര്‍ഘമാണെങ്കിലും പ്രവാസി പറയാതെ പോയാലും അത് നീതീകരിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെയും  വിശ്വാസമല്ലേ ..നാം തകര്‍ക്കാന്‍ പാടില്ലല്ലോ  അതിനാല്‍ പറയാം..പരമശിവന്റെ ഭാര്യയായ സതീദേവിയുടെ പിതാവ് ദക്ഷൻ നടത്തിയ യാഗത്തിൽ പരമശിവനെ വിളിക്കാതിരുന്നിട്ടും സതീദേവിയുടെ നിർബന്ധത്തിനു വഴങ്ങി ശിവൻ യാഗത്തിൽ പങ്കെടുക്കാൻ ചെല്ലുകയും ദക്ഷൻ അവിടെ വെച്ച് ശിവനെ അപമാനിക്കുകയും ചെയ്തു. അതിൽ വിഷമിച്ച് സതീദേവി ദേഹത്യാഗം ചെയ്യുകയും അതിനു ശേഷം ശിവൻ ഹിമാലയത്തിൽ പോയി തപസ്സാരംഭിക്കുകയും ചെയ്തു. സതീദേവി ഹിമവാന്റെ പുത്രി പാർവതി ആയിട്ട് പുനർജ്ജനിക്കുകയും ശിവനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് നിശ്ചയിച്ച് തപസ്സു ചെയ്യുന്ന ശിവനെ പ്രാർഥിക്കുകയും പരിചരിക്കുകയും ചെയ്തു. ആ സമയത്ത് താരകാസുരൻ എന്ന അസുരന്റെ ശല്യം കാരണം വിഷമിച്ച ദേവാദികൾ ബ്രഹ്മാവിനോട് ഉപദേശം തേടുകയും ശിവനും പാർവതിക്കും ജനിക്കുന്ന പുത്രൻ നരകാസുരനെ വധിക്കും എന്ന് വരം കൊടുക്കുകയും ചെയ്തു. കാമദേവൻ ശിവന്റെ തപസ്സ് മുടക്കാനായി ചെല്ലുകയും ദേഷ്യം വന്ന ശിവൻ തൃക്കണ്ണ് തുറന്ന് കാമദേവനെ ചുട്ടെരിക്കുകയും , കാമദേവന്റെ ഭാര്യയായ രതീദേവി ആഹാരവും ജലപാനവും ഉപേക്ഷിച്ച് പ്രാർഥിക്കുകയും ഉണ്ടായി. ഇതിന്റെ ഓർമ്മയ്ക്കായിട്ടാ‍ണത്രേ  വൃതം നോല്‍ക്കുന്നത്...






ധനുമാസത്തിലെ തിരുവാതിരയെ കുറിച്ച് ഒത്തിരി പറയാന്‍ ഇനിയും ഉണ്ടെങ്കിലും പ്രധാന ചടങ്ങായ വൃതം നോല്‍ക്കുന്ന്തും കൂടി പറഞ്ഞു പാവം പ്രവാസി നിര്‍ത്താം..ഏഴരവെളുപ്പിന്‌ ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ്‌ തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഓരോ ദിവസവും പ്രാതലും ഉച്ചഭക്ഷണവും ഓരോ കിഴങ്ങുവർഗ്ഗങ്ങൾ ആയിരിക്കും.  ( എന്റെ നാട്ടിലൊക്കെ തിരുവാതിര പുഴുക്ക് എന്നൊരു സമ്പ്രദായം തന്നെയുണ്ട് ." കാച്ചിൽ, കൂർക്ക, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, ചെറുചാമ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന  പുഴുക്കാണ്  അത് ) തിരുവാതിര നാൾ തുടങ്ങുന്ന മുതൽ തീരുന്നതുവരെയാണ് നോയമ്പ്. അരിഭക്ഷണം പാടില്ല. തിരുവാതിര നാൾ ഉള്ള രാത്രിയിൽ ആണ്, ഉറക്കമൊഴിക്കൽ. തിരുവാതിര നാൾ തീരുന്നതുവരെ ഉറങ്ങാൻ പാടില്ല. വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിരയാണ് പുത്തൻ തിരുവാതിര അഥവവ പൂതിരുവാതിര. 

ഇനിയും ഒത്തിരി പറയാനാനുണ്ട് പാവം പ്രവാസിക്ക് ധനുമാസ തിരുവാതിരയെ കുറിച്ച്...ദശപുഷ്പം  ചൂടിയുള്ള തിരുവാതിര കളി അങ്ങിനെ പലതും...അപ്പോള്‍ ദശപുഷ്പം എന്താണെന്ന് ചോദ്യം  വരും..( പാവം പ്രവാസിക്ക് അറിയാംട്ടോ ) അതൊക്കെ പിന്നെ നീണ്ടു പോകും ..ഇത് തന്നെ ആരാ വായിക്കുക....? ഹാ ..എനിക്കറിയില്ല..വായിക്കണേ എന്ന വിനീതമായ അഭ്യര്‍ത്ഥനയോടെ എല്ലാ സുഹൃത്തുക്കള്‍ക്കും സന്തോഷവും അയ്ശ്വര്യവും നിറഞ്ഞ ഒരു ധനുമാസ തിരുവാതിര ആശംസിച്ചു കൊണ്ട് ..ഞാന്‍ മേല്‍ സൂചിപ്പിച്ച -എന്നെ ഈ നോട്ട് എഴുതാന്‍ പ്രേരിപ്പിച്ച ആ എന്റെ പ്രിയപ്പെട്ട ആളോട് നന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊണ്ടും നിര്‍ത്തുന്നു..നിങ്ങളുടെ സ്വന്തം പാവം പാവം പ്രവാസി..!!!!